Bible Language

Jeremiah 18 (MOV) Malayalam Old BSI Version

1 യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2 നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും.
3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
4 കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
5 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
6 യിസ്രായേൽഗൃഹമേ, കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
7 ഞാൻ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
9 ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
10 അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
11 ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്കു ഒരനർത്ഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.
12 അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
13 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
14 ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
15 എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;