Bible Language

Jeremiah 25 (MOV) Malayalam Old BSI Version

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ--ബാബേൽരാജാവായ നെബൂഖദ് നേസരിന്റെ ഒന്നാം ആണ്ടു തന്നേ--സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
2 യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാൽ:
3 ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.
4 യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
5 നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും ദുഷ്‌പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും.
6 അന്യ ദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാൽ ഞാൻ നിങ്ങൾക്കു അനർത്ഥം വരുത്തുകയില്ല എന്നു അവർ പറഞ്ഞു.
7 എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
8 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു
9 ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ് നേസരിനെയും ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിർക്കും.
10 ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.
11 ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
12 എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
13 അങ്ങനെ ഞാൻ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും.
14 അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
15 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ക്രോധമദ്ധ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക.
16 അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.
17 അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കയ്യിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു.
18 ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന്നു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
19 പ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും
20 സകലപ്രജകളെയും സർവ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും
21 ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സോർ രാജാക്കന്മാരെയും
22 സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിന്നക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും
23 ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികുവടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
24 മരുവാസികളായ സമ്മിശ്രജാതിയുടെ സകല രാജാക്കന്മാരെയും