Bible Versions
Bible Books

Deuteronomy 5 (MOV) Malayalam Old BSI Version

1 മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാല്‍യിസ്രായേലേ, ഞാന്‍ ഇന്നു നിങ്ങളെ കേള്‍പ്പിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍ ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിന്‍ .
2 നമ്മുടെ ദൈവമായ യഹോവ ഹോരേബില്‍വെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.
3 നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.
4 യഹോവ പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
5 തീ ഹേതുവായി നിങ്ങള്‍ ഭയപ്പെട്ടു പര്‍വ്വതത്തില്‍ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാന്‍ അക്കാലത്തു യഹോവേക്കും നിങ്ങള്‍ക്കും മദ്ധ്യേനിന്നു. അവന്‍ കല്പിച്ചതു എന്തെന്നാല്‍
6 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.
7 ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു.
8 വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ തീക്ഷണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും
10 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.
11 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
12 നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാള്‍ ശുദ്ധീകരിച്ചു ആചരിക്ക.
13 ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
14 ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്‍ക്കാലിയും നിന്റെ പടിവാതിലുകള്‍ക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഔര്‍ക്ക; അതുകൊണ്ടു ശബ്ബത്തുനാള്‍ ആചരിപ്പാന്‍ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
16 നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
17 കുല ചെയ്യരുതു.
18 വ്യഭിചാരം ചെയ്യരുതു.
19 മോഷ്ടിക്കരുതു.
20 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
21 കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
22 വചനങ്ങള്‍ യഹോവ പര്‍വ്വതത്തില്‍ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവില്‍നിന്നു നിങ്ങളുടെ സര്‍വ്വസഭയോടും അത്യുച്ചത്തില്‍ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയില്‍ എഴുതി എന്റെ പക്കല്‍ തന്നു.
23 എന്നാല്‍ പര്‍വ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയില്‍ അന്ധകാരത്തിന്റെ നടുവില്‍ നിന്നുള്ള ശബ്ദംകേട്ടപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കല്‍വന്നു പറഞ്ഞതു.
24 ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവില്‍നിന്നു അവന്റെ ശബ്ദം ഞങ്ങള്‍ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടിരിക്കുമെന്നു ഞങ്ങള്‍ ഇന്നു കണ്ടുമിരിക്കുന്നു.
25 ആകയാല്‍ ഞങ്ങള്‍ എന്തിന്നു മരിക്കുന്നു? മഹത്തായ തീക്കു ഞങ്ങള്‍ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും.
26 ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവില്‍നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?
27 നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേള്‍ക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറകഞങ്ങള്‍ കേട്ടു അനുസരിച്ചുകൊള്ളാം.
28 നിങ്ങള്‍ എന്നോടു സംസാരിച്ച വാക്കുകള്‍ യഹോവ കേട്ടു എന്നോടു കല്പിച്ചതുഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാന്‍ കേട്ടു; അവര്‍ പറഞ്ഞതു ഒക്കെയും നല്ലതു.
29 അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്കും എപ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നു.
30 നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍ എന്നു അവരോടു ചെന്നു പറക.
31 നീയോ ഇവിടെ എന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അവര്‍ക്കും അവകാശമായി കൊടുക്കുന്ന ദേശത്തു അവര്‍ അനുസരിച്ചു നടപ്പാന്‍ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാന്‍ നിന്നോടു കല്പിക്കും.
32 ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാന്‍ ജാഗ്രതയായിരിപ്പിന്‍ ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
33 നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊള്‍വിന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×