Bible Versions
Bible Books

Ezekiel 34 (MOV) Malayalam Old BSI Version

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2 മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുതങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാര്‍ക്കും അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാര്‍ മേയിക്കേണ്ടതു?
3 നിങ്ങള്‍ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങള്‍ മേയിക്കുന്നില്ലതാനും.
4 നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
5 ഇടയന്‍ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു.
6 എന്റെ ആടുകള്‍ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.
7 അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ;
8 എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകള്‍ കവര്‍ച്ചയായിപ്പോകയും എന്റെ ആടുകള്‍ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
9 ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍
10 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടയന്മാര്‍ക്കും വിരോധമായിരിക്കുന്നു; ഞാന്‍ എന്റെ ആടുകളെ അവരുടെ കയ്യില്‍നിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയില്‍നിന്നു അവരെ നീക്കിക്കളയും; ഇടയന്മാര്‍ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകള്‍ അവര്‍ക്കും ഇരയാകാതെയിരിക്കേണ്ടതിന്നു ഞാന്‍ അവയെ അവരുടെ വായില്‍ നിന്നു വിടുവിക്കും.
11 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
12 ഒരു ഇടയന്‍ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയില്‍ ഇരിക്കുന്ന നാളില്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തില്‍ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.
13 ഞാന്‍ അവയെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു ദേശങ്ങളില്‍ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേല്‍മലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
14 നല്ല മേച്ചല്‍പുറത്തു ഞാന്‍ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയര്‍ന്ന മലകള്‍ അവേക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേല്‍മലകളിലെ പുഷ്ടിയുള്ള മേച്ചല്‍പുറത്തു മേയുകയും ചെയ്യും.
15 ഞാന്‍ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16 കാണാതെപോയതിനെ ഞാന്‍ അന്വേഷിക്കയും ഔടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാല്‍ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.
17 നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.
18 നിങ്ങള്‍ നല്ല മേച്ചല്‍ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാല്‍കൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാല്‍കൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
19 നിങ്ങള്‍ കാല്‍കൊണ്ടു ചവിട്ടിയതു എന്റെ ആടുകള്‍ തിന്നുകയും നിങ്ങള്‍ കാല്‍കൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
20 അതുകൊണ്ടു യഹോവയായ കര്‍ത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ തടിച്ച ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മദ്ധ്യേ ന്യായം വിധിക്കും.
21 ദീനം പിടിച്ചവയെ നിങ്ങള്‍ പരക്കെ ചിതറിക്കുവോളം പാര്‍ശ്വംകൊണ്ടും തോള്‍കൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാല്‍
22 ഞാന്‍ എന്റെ ആട്ടിന്‍ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാന്‍ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
23 അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവന്‍ അവയെ മേയിച്ചു അവേക്കു ഇടയനായിരിക്കും.
24 അങ്ങനെ യഹോവയായ ഞാന്‍ അവര്‍ക്കും ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
25 ഞാന്‍ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയില്‍ നിര്‍ഭയമായി വസിക്കയും കാടുകളില്‍ ഉറങ്ങുകയും ചെയ്യും.
26 ഞാന്‍ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവേക്കും; ഞാന്‍ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
27 വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കയും ഞാന്‍ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
28 അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
29 ഞാന്‍ അവര്‍ക്കും കീര്‍ത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവര്‍ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.
30 ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാന്‍ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേല്‍ഗൃഹമായിരിക്കുന്ന അവര്‍ എന്റെ ജനമാകുന്നു എന്നും അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31 എന്നാല്‍ എന്റെ മേച്ചല്‍പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×