Bible Versions
Bible Books

Habakkuk 1 (MOV) Malayalam Old BSI Version

1 ഹബക്കൂൿ പ്രവാചകൻ ദർശിച്ച പ്രവാചകം.
2 യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
3 നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
4 അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
5 ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.
6 ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.
7 അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.
8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നു വരുന്നു.
9 അവർ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.
10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
11 അന്നു അവൻ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
12 എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
13 ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
14 നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
15 അവൻ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവൻ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേർത്തുകൊള്ളുന്നു; അതുകൊണ്ടു അവൻ സന്തോഷിച്ചാനന്ദിക്കുന്നു.
16 അതു ഹേതുവായി അവൻ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂർത്തിയുള്ളതുമായ്തീരുന്നതു.
17 അതുനിമിത്തം അവൻ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×