Bible Versions
Bible Books

Isaiah 16 (MOV) Malayalam Old BSI Version

1 നിങ്ങള്‍ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയില്‍നിന്നു മരുഭൂമിവഴിയായി സീയോന്‍ പുത്രിയുടെ പര്‍വ്വതത്തിലേക്കു കൊടുത്തയപ്പിന്‍ .
2 മോവാബിന്റെ പുത്രിമാര്‍ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്‍ന്നോന്റെ കടവുകളില്‍ ഇരിക്കും.
3 ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.
4 മോവാബിന്റെ ഭ്രഷ്ടന്മാര്‍ നിന്നോടുകൂടെ പാര്‍ത്തുകൊള്ളട്ടെ; കവര്‍ച്ചക്കാരന്റെ മുമ്പില്‍ നീ അവര്‍ക്കും ഒരു മറവായിരിക്ക; എന്നാല്‍ പീഡകന്‍ ഇല്ലാതെയാകും; കവര്‍ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര്‍ ദേശത്തുനിന്നു മുടിഞ്ഞുപോകും.
5 അങ്ങനെ ദയയാല്‍ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേല്‍ ദാവീദിന്റെ കൂടാരത്തില്‍നിന്നു ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
6 ഞങ്ങള്‍ മോവാബിന്റെ ഗര്‍വ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവന്‍ മഹാഗര്‍വ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യര്‍ത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.
7 അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.
8 ഹെശ്ബേന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്റെ ശാഖകള്‍ പടര്‍ന്നു കടല്‍ കടന്നിരുന്നു.
9 അതുകൊണ്ടു ഞാന്‍ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന്‍ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്‍ക്കനികള്‍ക്കും നിന്റെ കൊയ്ത്തിന്നും പോര്‍ വിളി നേരിട്ടിരിക്കുന്നു.
10 സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളില്‍ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാര്‍ ചക്കുകളില്‍ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആര്‍പ്പുവിളി ഞാന്‍ നിര്‍ത്തിക്കളഞ്ഞിരിക്കുന്നു.
11 അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീര്‍ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
12 പിന്നെ മോവാബ് പൂജാഗിരിയില്‍ ചെന്നു പാടുപെട്ടു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിപ്പാന്‍ കടന്നാല്‍ അവന്‍ കൃതാര്‍ത്ഥനാകയില്ല.
13 ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.
14 ഇപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നതോകൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സര്‍വ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×