Bible Versions
Bible Books

Isaiah 19 (MOV) Malayalam Old BSI Version

1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകംയഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിത്ഥ്യാമൂര്‍ത്തികള്‍ അവന്റെ സന്നിധിയിങ്കല്‍ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളില്‍ ഉരുകുകയും ചെയ്യും.
2 ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഔരോരുത്തന്‍ താന്താന്റെ സഹോദരനോടും ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
3 മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളില്‍ ഒഴിഞ്ഞുപോകും; ഞാന്‍ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോള്‍ അവര്‍ മിത്ഥ്യാമൂര്‍ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.
4 ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യില്‍ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
5 സമുദ്രത്തില്‍ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.
6 നദികള്‍ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള്‍ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.
7 നദിക്കരികെയും നദീതീരത്തും ഉള്ള പുല്‍പുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
8 മീന്‍ പിടിക്കുന്നവര്‍ വിലപിക്കും; നദിയില്‍ ചൂണ്ടല്‍ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തില്‍ വല വീശുന്നവര്‍ വിഷാദിക്കും.
9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
10 രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവര്‍ തകര്‍ന്നുപോകും; കൂലിവേലക്കാര്‍ മനോവ്യസനത്തോടെയിരിക്കും.
11 സോവനിലെ പ്രഭുക്കന്മാര്‍ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീര്‍ന്നിരിക്കുന്നു; ഞാന്‍ ജ്ഞാനികളുടെ മകന്‍ , പുരാതനരാജാക്കന്മാരുടെ മകന്‍ എന്നിപ്രകാരം നിങ്ങള്‍ ഫറവോനോടു പറയുന്നതു എങ്ങിനെ?
12 നിന്റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്‍ണ്ണയിച്ചതു അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.
13 സോവനിലെ പ്രഭുക്കന്മാര്‍ ഭോഷന്മാരായ്തീര്‍ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍ അതിനെ തെറ്റിച്ചുകളഞ്ഞു.
14 യഹോവ അതിന്റെ നടുവില്‍ മനോവിഭ്രമം പകര്‍ന്നു; ലഹരിപിടിച്ചവന്‍ തന്റെ ഛര്‍ദ്ദിയില്‍ ചാഞ്ചാടിനടക്കുന്നതു പോലെ അവര്‍ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
15 തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിര്‍വ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.
16 അന്നാളില്‍ മിസ്രയീമ്യര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഔങ്ങുന്നതുനിമിത്തം അവര്‍ പേടിച്ചു വിറെക്കും.
17 യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിര്‍ണ്ണയിച്ച നിര്‍ണ്ണയംനിമിത്തം ഭയപ്പെടും.
18 അന്നാളില്‍ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള്‍ കനാന്‍ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈര്‍ ഹഹേരെസ്) എന്നു പേര്‍ വിളിക്കപ്പെടും.
19 അന്നാളില്‍ മിസ്രയീം ദേശത്തിന്റെ നടുവില്‍ യഹോവേക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയില്‍ യഹോവേക്കു ഒരു തൂണും ഉണ്ടായിരിക്കും.
20 അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്കും ഒരു രക്ഷകനെ അയക്കും; അവന്‍ പെരുതു അവരെ വിടുവിക്കും.
21 അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര്‍ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു അതിനെ നിവര്‍ത്തിക്കയും ചെയ്യും.
22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവന്‍ വീണ്ടും അവരെ സൌഖ്യമാക്കും; അവര്‍ യഹോവയിങ്കലേക്കു തിരികയും അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.
23 അന്നാളില്‍ മിസ്രയീമില്‍നിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്‍യ്യര്‍ മിസ്രയീമിലേക്കും മിസ്രയീമ്യര്‍ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര്‍ അശ്ശൂര്‍യ്യരോടുകൂടെ ആരാധന കഴിക്കും.
24 അന്നാളില്‍ യിസ്രായേല്‍ ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×