Bible Versions
Bible Books

1 Samuel 25 (MOV) Malayalam Old BSI Version

1 ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു.
2 കര്‍മ്മേലില്‍ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
3 അവന്നു നാബാല്‍ എന്നും അവന്റെ ഭാര്യകൂ അബീഗയില്‍എന്നും പേര്‍. അവള്‍ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കര്‍മ്മിയും ആയിരുന്നു. അവന്‍ കാലേബ് വംശക്കാരന്‍ ആയിരുന്നു.
4 നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയില്‍ കേട്ടു.
5 ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതുനിങ്ങള്‍ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ ചെന്നു എന്റെ പേരില്‍ അവന്നു വന്ദനം ചൊല്ലി
6 നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.
7 നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാര്‍ ഞങ്ങളോടു കൂടെ ഇരുന്നപ്പോള്‍ ഞങ്ങള്‍ അവരെ ഉപദ്രവിച്ചില്ല; അവര്‍ കര്‍മ്മേലില്‍ ഇരുന്ന കാലത്തൊക്കെയും അവര്‍ക്കും ഒന്നും കാണാതെ പോയതുമില്ല.
8 നിന്റെ ബാല്യക്കാരോടു ചോദിച്ചാല്‍ അവരും നിന്നോടു പറയും; അതുകൊണ്ടു ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ വന്നിരിക്കുന്നതു; നിന്റെ കയ്യില്‍ വരുന്നതു അടിയങ്ങള്‍ക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന്‍ .
9 ദാവീദിന്റെ ബാല്യക്കാര്‍ ചെന്നു നാബാലിനോടു വാക്കുകളെല്ലാം ദാവീദിന്റെ പേരില്‍ അറിയിച്ചു കാത്തുനിന്നു.
10 നാബാല്‍ ദാവീദിന്റെ ഭൃത്യന്മാരോടുദാവീദ് ആര്‍? യിശ്ശായിയുടെ മകന്‍ ആര്‍? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാര്‍ ഇക്കാലത്തു വളരെ ഉണ്ടു.
11 ഞാന്‍ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാര്‍ എന്നു അറിയാത്തവര്‍ക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
12 ദാവീദിന്റെ ബാല്യക്കാര്‍ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.
13 അപ്പോള്‍ ദാവീദ് തന്റെ ആളുകളോടുഎല്ലാവരും വാള്‍ അരെക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരെക്കു കെട്ടി; ദാവീദും വാള്‍ അരെക്കു കെട്ടി; ഏകദേശം നാനൂറുപേര്‍ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേര്‍ സാമാനങ്ങളുടെ അടുക്കല്‍ പാര്‍ത്തു.
14 എന്നാല്‍ ബാല്യക്കാരില്‍ ഒരുത്തന്‍ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാല്‍ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാന്‍ മരുഭൂമിയില്‍നിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.
15 എന്നാല്‍ പുരുഷന്മാര്‍ ഞങ്ങള്‍ക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങള്‍ വയലില്‍ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങള്‍ക്കു ഒന്നും കാണാതെ പോയതുമില്ല.
16 ഞങ്ങള്‍ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവര്‍ ഞങ്ങള്‍ക്കു ഒരു മതില്‍ ആയിരുന്നു.
17 ആകയാല്‍ ഇപ്പോള്‍ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിര്‍ണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആര്‍ക്കും ഒന്നും മിണ്ടിക്കൂടാ.
18 ഉടനെ അബീഗയില്‍ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
19 നിങ്ങള്‍ എനിക്കു മുമ്പായി പോകുവിന്‍ ; ഞാന്‍ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭര്‍ത്താവായ നാബാലിനോടു അവള്‍ ഒന്നും അറിയിച്ചില്ലതാനും.
20 അവള്‍ കഴുതപ്പുറത്തു കയറി മലയുടെ മറവില്‍കൂടി ഇറങ്ങിച്ചെല്ലുമ്പോള്‍ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവള്‍ അവരെ എതിരേറ്റു.
21 എന്നാല്‍ ദാവീദ്മരുഭൂമിയില്‍ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
22 അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ ജീവനോടെ വെച്ചേച്ചാല്‍ ദൈവം ദാവീദിന്റെ ശത്രുക്കള്‍ക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.
23 അബീഗയില്‍ ദാവീദിനെ കണ്ടപ്പോള്‍ ക്ഷണത്തില്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
24 അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പറഞ്ഞതുയജമാനനേ, കുറ്റം എന്റെമേല്‍ ഇരിക്കട്ടെ; അടിയന്‍ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേള്‍ക്കേണമേ.
25 ദുസ്സ്വഭാവിയായ നാബാലിനെ യജമാനന്‍ ഗണ്യമാക്കരുതേ; അവന്‍ തന്റെ പേര്‍പോലെ തന്നെ ആകുന്നു; നാബാല്‍ എന്നല്ലോ അവന്റെ പേര്‍; ഭോഷത്വം അത്രേ അവന്റെ പക്കല്‍ ഉള്ളതു. അടിയനോ, യജമാനന്‍ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
26 ആകയാല്‍ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
27 ഇപ്പോള്‍ യജമാനന്റെ അടുക്കല്‍ അടിയന്‍ കൊണ്ടുവന്നിരിക്കുന്ന കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാര്‍ക്കും ഇരിക്കട്ടെ.
28 അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന്‍ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നില്‍ ദോഷം കാണുകയില്ല.
29 മനുഷ്യന്‍ നിന്നെ പിന്തുര്‍ന്നു നിനക്കു ജീവഹാനി വരുത്തുവാന്‍ എഴുന്നേറ്റാലും യജമാനന്റെ പ്രാണന്‍ നിന്റെ ദൈവമായ യഹോവയുടെ പക്കല്‍ ജീവഭാണ്ഡത്തില്‍ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവന്‍ കവിണയുടെ തടത്തില്‍നിന്നു എന്നപോലെ എറിഞ്ഞുകളയും.
30 എന്നാല്‍ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വേക്കുമ്പോള്‍
31 അകാരണമായി രക്തം ചിന്നുകയും യജമാനന്‍ താന്‍ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാല്‍ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോള്‍ അടിയനെയും ഔര്‍ത്തുകൊള്ളേണമേ.
32 ദാവീദ് അബീഗയിലിനോടു പറഞ്ഞതുഎന്നെ എതിരേല്പാന്‍ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേക്കു സ്തോത്രം.
33 നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാല്‍ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍.
34 നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
35 പിന്നെ അവള്‍ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യില്‍നിന്നു വാങ്ങി അവളോടുസമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന്‍ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
36 അബീഗയില്‍ നാബാലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവള്‍ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
37 എന്നാല്‍ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്റെ ഹൃദയം അവന്റെ ഉള്ളില്‍ നിര്‍ജ്ജീവമായി അവന്‍ കല്ലിച്ചുപോയി.
38 പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവന്‍ മരിച്ചുപോയി.
39 നാബാല്‍ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയില്‍ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാന്‍ ആളയച്ചു.
40 ദാവീദിന്റെ ഭൃത്യന്മാര്‍ കര്‍മ്മേലില്‍ അബീഗയിലിന്റെ അടുക്കല്‍ ചെന്നു അവളോടുനീ ദാവീദിന്നു ഭാര്യയായ്തീരുവാന്‍ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവന്‍ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
41 അവള്‍ എഴുന്നേറ്റു നിലംവരെ തലകുനിച്ചുഇതാ, അടിയന്‍ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
42 ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.
43 യിസ്രായേലില്‍നിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നു.
44 ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകന്‍ ഫല്തിക്കു കൊടുത്തിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×