Bible Versions
Bible Books

Exodus 5:8 (MOV) Malayalam Old BSI Version

1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടുമരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
2 അതിന്നു ഫറവോന്‍ യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.
3 അതിന്നു അവര്‍എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവന്‍ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ പോയി, ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.
4 മിസ്രയീംരാജാവു അവരോടുമോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിന്‍ എന്നു പറഞ്ഞു.
5 ദേശത്തു ജനം ഇപ്പോള്‍ വളരെ ആകുന്നു; നിങ്ങള്‍ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന്‍ പറഞ്ഞു.
6 അന്നു ഫറവോന്‍ ജനത്തിന്റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്‍
7 ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ.
8 എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
9 അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതില്‍ കഷ്ടപ്പെടട്ടെ;
10 അവരുടെ വ്യാജവാക്കുകള്‍ കേള്‍ക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടുനിങ്ങള്‍ക്കു വൈക്കോല്‍ തരികയില്ല,
11 നിങ്ങള്‍ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല്‍ ശേഖരിപ്പിന്‍ ; എങ്കിലും നിങ്ങളുടെ വേലയില്‍ ഒട്ടും കുറെക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.
12 അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
13 ഊഴിയ വിചാരകന്മാര്‍ അവരെ ഹേമിച്ചുവൈക്കോല്‍ കിട്ടിവന്നപ്പോള്‍ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.
14 ഫറവോന്റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ മക്കളുടെ മേല്‍ ആക്കിയിരുന്ന പ്രമാണികളെ അടിച്ചുനിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.
15 അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
16 അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.
17 അതിന്നു അവന്‍ മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ടുഞങ്ങള്‍ പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.
18 പോയി വേല ചെയ്‍വിന്‍ ; വൈക്കോല്‍ തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.
19 ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു.
20 അവര്‍ ഫറവോനെ വിട്ടു പുറപ്പെടുമ്പോള്‍ മോശെയും അഹരോനും വഴിയില്‍ നിലക്കുന്നതു കണ്ടു,
21 അവരോടു നിങ്ങള്‍ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കയ്യില്‍ വാള്‍ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
22 അപ്പോള്‍ മോശെ യഹോവയുടെ അടുക്കല്‍ ചെന്നുകര്‍ത്താവേ, നീ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?
23 ഞാന്‍ നിന്റെ നാമത്തില്‍ സംസാരിപ്പാന്‍ ഫറവോന്റെ അടുക്കല്‍ ചെന്നതുമുതല്‍ അവന്‍ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×