Bible Versions
Bible Books

Deuteronomy 1 (IRVML) Indian Revised Version - Malayalam

1 സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ മരുഭൂമിയിലുള്ള അരാബയിൽവെച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ:
2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്.
3 നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോട് കല്പിച്ചതുപോലെ പറഞ്ഞു തുടങ്ങി.
4 ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ വസിച്ചിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവച്ച് സംഹരിച്ചശേഷം
5 യോർദ്ദാന് അക്കരെ മോവാബ് ദേശത്തുവച്ച് മോശെ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയത് എങ്ങനെയെന്നാൽ:
6 ഹോരേബിൽവച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ പർവ്വതത്തിൽ വസിച്ചത് മതി.
7 തിരിഞ്ഞ് യാത്രചെയ്ത് അമോര്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടൽക്കര തുടങ്ങിയ കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് എന്ന മഹാനദിവരെയും പോകുവിൻ.
8 ഇതാ, ഞാൻ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങൾ കടന്നുചെന്ന് യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശം കൈവശമാക്കുവിൻ.
9 അക്കാലത്ത് ഞാൻ നിങ്ങളോട് പറഞ്ഞത്: “എനിക്ക് തനിയെ നിങ്ങളെ വഹിക്കുവാൻ കഴിയുകയില്ല.
10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അസംഖ്യം ആയിരിക്കുന്നു.
11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12 ഞാൻ ഏകനായി നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?
13 ഓരോ ഗോത്രത്തിൽനിന്നും ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുവിൻ; അവരെ ഞാൻ നിങ്ങൾക്ക് തലവന്മാരാക്കും.“
14 അതിന് നിങ്ങൾ എന്നോട്: “നീ പറഞ്ഞ കാര്യം നല്ലത്” എന്ന് ഉത്തരം പറഞ്ഞു.
15 ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കും നൂറുപേർക്കും അമ്പതുപേർക്കും പത്തുപേർക്കും അധിപതിമാരും തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
16 അന്ന് ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ സഹോദരന്മാരിൽ ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല വ്യവഹാരവും ഉണ്ടായാൽ അത് കേട്ട് നീതിയോടെ വിധിക്കുവിൻ.
17 ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതാണല്ലോ? നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കാം
18 അങ്ങനെ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ അക്കാലത്ത് നിങ്ങളോട് കല്പിച്ചുവല്ലോ. PEPS
19 പിന്നെ, നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്ന് പുറപ്പെട്ടശേഷം, നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് കാദേശ്ബർന്നേയയിൽ എത്തി.
20 അപ്പോൾ ഞാൻ നിങ്ങളോട്: “നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.
21 ഇതാ, നിന്റെ ദൈവമായ യഹോവ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അത് കൈവശമാക്കിക്കൊള്ളുക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത്” എന്ന് പറഞ്ഞു.
22 എന്നാൽ നിങ്ങൾ എല്ലാവരും അടുത്തുവന്ന്: “നാം ചില ആളുകളെ മുമ്പേ അയക്കുക; അവർ ദേശം ഒറ്റുനോക്കി, നാം പോകേണ്ടതിന് ഏറ്റവും നല്ല വഴി ഏതെന്നും അവിടെയുള്ള പട്ടണങ്ങൾ എങ്ങനെ ഉണ്ടെന്നും വർത്തമാനം കൊണ്ടുവരട്ടെ” എന്ന് പറഞ്ഞു.
23 പദ്ധതി എനിക്ക് സ്വീകാര്യമായി തോന്നി; ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്ന് തിരഞ്ഞെടുത്തു.
24 അവർ പുറപ്പെട്ട് പർവ്വതത്തിൽ കയറി എസ്കോൽതാഴ്വര വരെ ചെന്ന് ദേശം ഒറ്റുനോക്കി.
25 ദേശത്തിലെ ചില ഫലങ്ങൾ അവർ നമ്മുടെ അടുക്കൽ കൊണ്ടുവന്ന്, വർത്തമാനമെല്ലാം അറിയിച്ചു; ‘നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന ദേശം നല്ലത്’ എന്ന് പറഞ്ഞു.
26 എന്നാൽ ദേശത്തേക്ക് പോകുവാൻ നിങ്ങൾക്ക് മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ നിരസിച്ചു.
27 “യഹോവ നമ്മെ വെറുക്കുന്നതുകൊണ്ട് അമോര്യരുടെ കയ്യിൽ ഏല്പിച്ച് നശിപ്പിക്കേണ്ടതിന് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്നിരിക്കുന്നു.
28 എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? അവിടെയുള്ള ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു” എന്ന് പറഞ്ഞു.ഇങ്ങനെ നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ക്ഷീണിപ്പിച്ചിരിക്കുന്നു എന്ന് നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ച് പിറുപിറുത്തു.
29 അപ്പോൾ ഞാൻ നിങ്ങളോട്: “നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.
30 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ ഈജിപ്റ്റിലും മരുഭൂമിയിലും ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി ഇനിയും യുദ്ധം ചെയ്യും.
31 ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ നടന്ന് സ്ഥലത്ത് എത്തുവോളം എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്ന് നിങ്ങൾ കണ്ടുവല്ലോ“ എന്ന് പറഞ്ഞു.
32 ഇങ്ങനെയെല്ലാമായിട്ടും, പാളയമിറങ്ങേണ്ടതിന് നിങ്ങൾക്ക് സ്ഥലം അന്വേഷിക്കുവാനും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരുവാനും
33 രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക് മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
34 ആകയാൽ യഹോവ നിങ്ങളുടെ വാക്ക് കേട്ട് കോപിച്ചു:
35 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യം ചെയ്ത നല്ല ദേശം ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.
36 യെഫുന്നെയുടെ മകനായ കാലേബ് മാത്രം അത് കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവന്റെ കാൽ ചവിട്ടിയ ദേശം ഞാൻ കൊടുക്കുകയും ചെയ്യുമെന്ന് സത്യം ചെയ്ത് കല്പിച്ചു.
37 യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ച് കല്പിച്ചത്: “നീയും അവിടെ ചെല്ലുകയില്ല.
38 നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അത് കൈവശമാക്കിക്കൊടുക്കേണ്ടത്.
39 ശത്രുവിന് കൊള്ളയാകുമെന്ന് നിങ്ങൾ പറഞ്ഞ, ഇന്നു ഗുണദോഷങ്ങൾ തിരിച്ചറിയാത്ത നിങ്ങളുടെ കുഞ്ഞുങ്ങൾ, അവിടെ ചെല്ലും; അവർക്കു ഞാൻ അത് കൊടുക്കും; അവർ അത് കൈവശമാക്കും.
40 നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര ചെയ്യുവിൻ.
41 അതിന് നിങ്ങൾ എന്നോട്: “ഞങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധം ചെയ്യും” എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ അവനവന്റെ യുദ്ധായുധം ധരിച്ച് പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.
42 എന്നാൽ യഹോവ എന്നോട്: “നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോട് നിങ്ങൾ തോറ്റുപോകും“ എന്ന് അവരോട് പറയുക എന്ന് കല്പിച്ചു.
43 അങ്ങനെ ഞാൻ നിങ്ങളോട് പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന നിരസിച്ച് അഹങ്കാരത്തോടെ പർവ്വതത്തിൽ കയറി.
44 പർവ്വതത്തിൽ താമസിച്ചിരുന്ന അമോര്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്ന് തേനീച്ചപോലെ നിങ്ങളെ പിന്തുടർന്ന്, സേയീരിൽ ഹൊർമ്മാവരെ ചിതറിച്ചുകളഞ്ഞു.
45 നിങ്ങൾ മടങ്ങിവന്ന് യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷയ്ക്ക് ചെവി തന്നതുമില്ല.
46 അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×