Bible Books

:

1. ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു;
അതിന് ഏഴ് തൂണുകൾ തീർത്തു.
2. അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി,
തന്റെ മേശ ഒരുക്കിയിരിക്കുന്നു.
3. അവൾ തന്റെ ദാസികളെ അയച്ച്
പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:
4. “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”;
ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്;
5. “വരുവിൻ, എന്റെ അപ്പം തിന്നുകയും
ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!
6. ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ!
വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”.
7. പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;
ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.
8. പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്;
ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.
9. ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും;
നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11. ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;
നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.
12. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും;
പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”.
13. ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;
അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
14. തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി,
കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്
15. അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ
തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16. “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”;
ബുദ്ധിഹീനനോട് അവൾ പറയുന്നത്;
17. “മോഷ്ടിച്ച വെള്ളം മധുരവും
ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.
18. എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും
അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ
ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×