Bible Versions
Bible Books

Numbers 11 (IRVML) Indian Revised Version - Malayalam

1 അനന്തരം യഹോവയ്ക്ക് അനിഷ്ടം തോന്നത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ട് അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
2 ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.
3 യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ സ്ഥലത്തിന് തബേരാ എന്ന് പേരായി. PEPS
4 പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആരു തരും?
5 ഞങ്ങൾ ഈജിപ്റ്റിൽവച്ച് വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.
6 ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; മന്നാ അല്ലാതെ ഒന്നും കാണുവാനില്ല എന്ന് പറഞ്ഞു.
7 മന്നയോ കൊത്തമല്ലി പോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
8 ജനം നടന്ന് പെറുക്കി തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
9 രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും.
10 ജനം കുടുംബംകുടുംബമായി ഓരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽവച്ച് കരയുന്നത് മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
11 അപ്പോൾ മോശെ യഹോവയോട് പറഞ്ഞത്: “അങ്ങ് അടിയനെ വലച്ചത് എന്ത്? എന്നോട് കൃപ തോന്നാതെ സർവജനത്തിന്റെയും ഭാരം അങ്ങ് എന്റെമേൽ വച്ചതെന്ത്?
12 മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ അങ്ങ് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ട് പോകണമെന്ന് എന്നോട് കല്പിക്കുവാൻ ജനത്തെ മുഴുവനും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
13 ജനത്തിന് എല്ലാവർക്കും കൊടുക്കുവാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ‘ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി തരുക’ എന്ന് എന്നോട് പറഞ്ഞ് കരയുന്നു.
14 ഏകനായി സർവജനത്തെയും വഹിക്കുവാൻ എന്നെക്കൊണ്ട് കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു.
15 ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ച് എന്നെ കൊന്നുകളയണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ”. PEPS
16 അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “യിസ്രായേൽമൂപ്പന്മാരിൽവച്ച് ജനത്തിന് പ്രമാണികളും മേൽവിചാരകന്മാരും ആയി നീ അറിയുന്ന എഴുപത് പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടി നില്ക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരുക.
17 അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടി ജനത്തിന്റെ ഭാരം വഹിക്കും.
18 എന്നാൽ ജനത്തോട് നീ പറയേണ്ടത്: ‘നാളത്തേക്ക് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആരു തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് നന്നായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ് യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്ക് ഇറച്ചി തരുകയും നിങ്ങൾ തിന്നുകയും ചെയ്യും.
19 ഒരു ദിവസമല്ല, രണ്ട് ദിവസമല്ല, അഞ്ച് ദിവസമല്ല, പത്ത് ദിവസമല്ല, ഇരുപത് ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നെ;
20 അത് നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ട് നിങ്ങൾക്ക് ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കുകയും, ‘ഞങ്ങൾ ഈജിപ്റ്റിൽനിന്ന് എന്തിനു പുറപ്പെട്ടുപോന്നു’ എന്ന് പറഞ്ഞ് അവിടുത്തെ മുമ്പാകെ കരയുകയും ചെയ്തിരിക്കുന്നുവല്ലോ”.
21 അപ്പോൾ മോശെ: “എന്നോടുകൂടി ജനം ആറുലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്നുവാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്ന് അങ്ങ് അരുളിച്ചെയ്യുന്നു.
22 അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്ക് മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യം ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ എന്ന് ചോദിച്ചു. PEPS
23 യഹോവ മോശെയോട്: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്ന് നീ ഇപ്പോൾ കാണും എന്ന് കല്പിച്ചു.
24 അങ്ങനെ മോശെ ചെന്ന് യഹോവയുടെ വചനങ്ങൾ ജനത്തോട് പറഞ്ഞ്, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപത് പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.
25 അനന്തരം യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്ത് മൂപ്പന്മാരായ എഴുപത് പുരുഷന്മാർക്കു കൊടുത്തു; ആത്മാവ് അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നീട് അങ്ങനെ ചെയ്തില്ല.
26 എന്നാൽ പുരുഷന്മാരിൽ രണ്ടുപേർ പാളയത്തിൽ തന്നെ താമസിച്ചിരുന്നു; ഒരുത്തന് എൽദാദ് എന്നും മറ്റവന് മേദാദ് എന്നും പേര്. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്ക് ചെന്നിരുന്നില്ല; അവർ പാളയത്തിൽവച്ച് പ്രവചിച്ചു.
27 അപ്പോൾ ഒരു യുവാവ് മോശെയുടെ അടുക്കൽ ഓടിച്ചെന്നു: “എൽദാദും മേദാദും പാളയത്തിൽവച്ച് പ്രവചിക്കുന്നു എന്ന് അറിയിച്ചു.
28 അപ്പോൾ നൂന്റെ മകനും ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനും ആയിരുന്ന യോശുവ: “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കണമേ” എന്ന് പറഞ്ഞു.
29 മോശെ അവനോട്: “എന്നെ വിചാരിച്ച് നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം എല്ലാവരും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞു.
30 പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നുചേർന്നു. PEPS
31 അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്ന് പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം ഉയരത്തിൽ പറന്നുനില്ക്കുമാറാക്കി.
32 ജനം എഴുന്നേറ്റ് അന്ന് പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ച് പിടിച്ചവൻ പത്ത് പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും നിരത്തി.
33 എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ, അത് ചവച്ചിറക്കും മുമ്പ് തന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
34 ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്ന് പേരായി.
35 കിബ്രോത്ത്-ഹത്താവ വിട്ട് ജനം ഹസേരോത്തിലേക്ക് പുറപ്പെട്ട് ഹസേരോത്തിൽ പാർത്തു. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×