Bible Versions
Bible Books

Job 1 (IRVML) Indian Revised Version - Malayalam

1 ഊസ്ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
2 അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു.
3 അവന് ഏഴായിരം (7000) ആടുകളും മൂവായിരം (3000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു.
4 അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
5 എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു. PEPS
6 ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
7 യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു.
8 യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ * ദൃഷ്ടിവയ്ക്കുക = പരീക്ഷിക്കുവാനായി തെരഞ്ഞെടുക്കുക ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു.
9 അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല?
10 അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു.
11 തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു.
12 ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി. PEPS
13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
14 ഒരു ദൂതൻ അവന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
15 പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോവുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വേറൊരാൾ വന്നു; “ദൈവത്തിന്റെ തീ ആകാശത്തുനിന്ന് വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
17 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കല്ദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
18 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു; “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
19 പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്ത് സാഷ്ടാംഗം വീണ് നമസ്കരിച്ചു:
21 “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×