Bible Books

:

1. യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് :
2. “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ?
ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.”
3. അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
4. ‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും?
ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.
5. ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല.
രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’
6. അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:
7. “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക;
ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.
8. നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?
9. ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ?
അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?
10. നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക.
തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക.
11. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക.
12. ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക;
ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക.
13. അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക;
അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക.
14. അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
15. ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന * നദീഹയം = ആന പോലെയുള്ള ഒരു വലിയ മൃഗം നദീഹയമുണ്ടല്ലോ;
അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
16. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു.
17. ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു;
അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു.
18. അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
19. അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്;
അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ.
20. കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ
പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
21. അത് നീർമരുത് = ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം നീർമരുതിന്റെ ചുവട്ടിലും
ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22. നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു;
തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
23. നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല;
യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും.
24. അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ?
അതിന്റെ മൂക്കിൽ കയർ കോർക്കാമോ? PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×