Bible Versions
Bible Books

Exodus 38 (IRVML) Indian Revised Version - Malayalam

1 അവൻ ഖദിരമരംകൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിന്റെ ഉയരം മൂന്ന് മുഴം ആയിരുന്നു.
2 അതിന്റെ നാല് കോണിലും നാല് കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. താമ്രംകൊണ്ട് അത് പൊതിഞ്ഞു.
3 ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങൾ എല്ലാം താമ്രംകൊണ്ട് ഉണ്ടാക്കി.
4 അവൻ യാഗപീഠത്തിന് വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അത് താഴെ അതിന്റെ ചുറ്റുപടിക്ക് കീഴെ അതിന്റെ പകുതിയോളം എത്തി.
5 താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ട് ഇടുവാൻ നാല് വളയം വാർത്തു.
6 ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിഞ്ഞു.
7 യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ തണ്ടുകൾ കടത്തി; യാഗപീഠം പലകകൊണ്ട് പൊള്ളയായി ഉണ്ടാക്കി. PEPS
8 സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ * ദർപ്പണം = കണ്ണാടി ദർപ്പണങ്ങൾ കൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി. PEPS
9 അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറ് മുഴം മറശ്ശീല ഉണ്ടായിരുന്നു.
10 അതിന് ഇരുപത് തൂണുകളും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
11 വടക്കുവശത്ത് നൂറ് മുഴം മറശ്ശീലയും അതിന് ഇരുപത് തൂണും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
12 പടിഞ്ഞാറുവശത്ത് അമ്പത് മുഴം മറശ്ശീലയും അതിന് പത്ത് തൂണും തൂണുകൾക്ക് പത്ത് ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
13 കിഴക്കുവശത്ത് മറശ്ശീല അമ്പത് മുഴം ആയിരുന്നു.
14 വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു.
15 മറ്റെവശത്തും അങ്ങനെ തന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ച് മുഴം മറശ്ശീലയും അവയ്ക്ക് മൂന്ന് തൂണുകളും തൂണുകൾക്ക് മൂന്ന് ചുവടും ഉണ്ടായിരുന്നു.
16 ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.
17 തൂണുകൾക്കുള്ള ചുവട് താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ട് മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.
18 എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപത് മുഴവും അതിന്റെ ഉയരം അഞ്ച് മുഴവും ആയിരുന്നു.
19 അതിന്റെ തൂണ് നാലും അവയുടെ ചുവട് നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
20 തിരുനിവാസത്തിനും പ്രാകാരത്തിനും നാല് പുറവുമുള്ള കുറ്റികൾ എല്ലാം താമ്രം ആയിരുന്നു. PEPS
21 മോശെയുടെ കല്പന അനുസരിച്ച് പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്ക് കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:
22 യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.
23 അവനോടുകൂടി ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ട് ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു. PEPS
24 വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്ക് വഴിപാടായി ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
25 സഭയിൽ എണ്ണമെടുക്കപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെലും ആയിരുന്നു.
26 ഇരുപത് വയസ്സും അതിനു മുകളിൽ പ്രായമുള്ളവരായി എണ്ണമെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് (603,550) പേരിൽ ഓരോരുത്തർക്കും ഓരോ ബെക്കാ വീതമായിരുന്നു; അത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
27 വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്ത് വീതം നൂറ് ചുവടിന് നൂറ് താലന്ത് വെള്ളി ചെലവായി.
28 ശേഷിച്ച ആയിരത്തെഴുനൂറ്റെഴുപത്തഞ്ച് (1775) ശേക്കെൽകൊണ്ട് അവൻ തൂണുകൾക്ക് കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
29 വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് (2400) ശേക്കെലും ആയിരുന്നു.
30 അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും
31 ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×