Bible Books

:

1. അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണപ്പെട്ടു.
2. അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: “നീ കെരൂബിന്റെ കീഴിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്ന് കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.
3. പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു; മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു.
4. എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി, ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു.
5. കെരൂബുകളുടെ ചിറകുകളുടെ ശബ്ദം പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾക്കുന്നുണ്ടായിരുന്നു.
6. എന്നാൽ അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോട്: “നീ കെരൂബുകളുടെ ഇടയിൽ നിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്കുക” എന്ന് കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികിൽ നിന്നു.
7. ഒരു കെരൂബ്, കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്ക് നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.
8. കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ മനുഷ്യന്റെ കൈപോലെ ഒന്നു കാണപ്പെട്ടു.
9. ഞാൻ കെരൂബുകളുടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂബിനരികിലും ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
10. അവയുടെ കാഴ്ചയോ നാലിനും ഒരുപോലെയുള്ള രൂപം ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ.
11. അവയ്ക്കു നാലു ഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ലാതെ, തലതിരിയുന്ന ഭാഗത്തേക്ക് അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരിയുകയുമില്ല.
12. അവയുടെ ശരീരം മുഴുവനും പിൻഭാഗത്തും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണുകൾ ഉണ്ടായിരുന്നു.
13. ചക്രങ്ങൾക്ക്, ഞാൻ കേൾക്കെ “ചുഴലികൾ” എന്ന് പേര് വിളിച്ചു.
14. ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേത് മാനുഷമുഖവും മൂന്നാമത്തേത് സിംഹമുഖവും നാലാമത്തേത് കഴുകുമുഖവും ആയിരുന്നു.
15. കെരൂബുകൾ മുകളിലേക്ക് പൊങ്ങി; ഇത് ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവി തന്നെ.
16. കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വത്തിൽനിന്ന് വിട്ടുമാറുകയില്ല.
17. ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
18. പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ട് പുറപ്പെട്ട് കെരൂബുകളിൻ മീതെ വന്നുനിന്നു.
19. അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മുകളിലേക്കുപൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; എല്ലാംകൂടി യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവയ്ക്കു മീതെ നിന്നു.
20. ഇത് ഞാൻ കെബാർനദീതീരത്തുവച്ച് യിസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ കണ്ട ജീവി തന്നെ; അവ ‘കെരൂബുകൾ’ എന്ന് ഞാൻ ഗ്രഹിച്ചു.
21. ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴിൽ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
22. അവയുടെ മുഖരൂപം ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ രൂപവും അപ്രകാരം തന്നെ; അവ ഓരോന്നും നേരെ മുമ്പോട്ടു തന്നെ പോകും. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×