Bible Books

3
:
-

1. യിസ്രായേൽമക്കൾ അങ്ങനെ പട്ടണങ്ങളിൽ പാർക്കുമ്പോൾ ഏഴാം മാസം അവർ ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി.
2. യോസാദാക്കിന്റെ മകൻ യേശുവയും, അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും, ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്, യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
3. അവർ ദേശനിവാസികളെ ഭയപ്പെട്ടെങ്കിലും, യാഗപീഠത്തെ അതിന്റെ പഴയ അടിസ്ഥാനത്തിൽ പണിതു; യഹോവയ്ക്ക് കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങൾ, അതിൽ അർപ്പിച്ചു.
4. എഴുതിയിരുന്ന ചട്ടപ്രകാരം അവർ കൂടാരപ്പെരുനാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം, എണ്ണം അനുസരിച്ച് അവർ ഹോമയാഗം അർപ്പിച്ചു.
5. അതിനുശേഷം അവർ നിരന്തരഹോമയാഗങ്ങളും,അമാവാസ്യകൾക്കും, യഹോവയ്ക്ക് വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കും,യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.
6. ഏഴാം മാസം ഒന്നാം തിയ്യതി മുതൽ അവർ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കുവാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
7. അവർ കല്പണിക്കാർക്കും, ആശാരികൾക്കും പണമായിട്ടും, പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം, ലെബാനോനിൽനിന്ന് ദേവദാരു കടൽവഴി യാഫോവിലേക്ക് കൊണ്ടുവരേണ്ടതിന്, സീദോന്യർക്കും സോര്യർക്കും ഭക്ഷണവും, പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു. PEPS
8. അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും,യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരും കൂടി പണി തുടങ്ങി; ഇരുപത് വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു.
9. അങ്ങനെ യേശുവയും, അവന്റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്റെ പുത്രന്മാരും,യൂദായുടെ പുത്രന്മാരും,ഹോദവ്യാവിന്റെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും,അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിപ്പാൻ ഒരുമനപ്പെട്ടു നിന്നു.
10. പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി.
11. “അവിടുന്ന് നല്ലവൻ; യിസ്രായേലിനോട് അവിടുത്തെ ദയ എന്നേക്കും ഉള്ളത്” എന്നിങ്ങനെ ഗാനപ്രതിഗാനം ചെയ്തുകൊണ്ട് അവർ യഹോവയെ വാഴ്ത്തിസ്തുതിച്ചു; അവർ അങ്ങനെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു.
12. എന്നാൽ, പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ആലയത്തിന്റെ അടിസ്ഥാനം ഇട്ടത് നേരിട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.
13. അങ്ങനെ അവർ അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട്, ജനത്തിന് സന്തോഷത്തിന്റെയും കരച്ചലിന്റെയും ശബ്ദം തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ഘോഷസ്വരം ബഹുദൂരം കേട്ടു. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×