Bible Versions
Bible Books

1 Chronicles 22 (MOV) Malayalam Old BSI Version

1 ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
2 അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവൻ കല്പണിക്കാരെ നിയമിച്ചു.
3 ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.
4 സീദോന്യരും സോർയ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
5 ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
6 അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
7 ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പര്യപ്പെട്ടിരുന്നു.
8 എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
9 എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.
10 അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
11 ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാർത്ഥനായി അവന്റെ ആലയം പണിക.
12 നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
13 യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
14 ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
15 നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
16 പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
17 ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞതു:
18 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവെക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
19 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിൻ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×