Bible Versions
Bible Books

Zechariah 1 (MOV) Malayalam Old BSI Version

1 ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
2 യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
3 ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4 നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
5 നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
7 ദാർയ്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖർയ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
8 ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
9 യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
10 എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു.
11 അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
12 എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
13 അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14 എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷ്ണതയോടെ എരിയുന്നു.
15 ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.
16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
17 നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×