Bible Versions
Bible Books

Genesis 8 (MOV) Malayalam Old BSI Version

1 ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തില്‍ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഔര്‍ത്തു; ദൈവം ഭൂമിമേല്‍ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
2 ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
3 വെള്ളം ഇടവിടാതെ ഭൂമിയില്‍നിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.
4 ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറെച്ചു.
5 പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്‍വ്വതശിഖരങ്ങള്‍ കാണായി.
6 നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.
7 അവന്‍ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില്‍ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
8 ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ ഒരു പ്രാവിനെയും തന്റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.
9 എന്നാല്‍ സര്‍വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല്‍ വെപ്പാന്‍ സ്ഥലം കാണാതെ അവന്റെ അടുക്കല്‍ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന്‍ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കല്‍ പെട്ടകത്തില്‍ ആക്കി.
10 ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ വീണ്ടും പ്രാവിനെ പെട്ടകത്തില്‍ നിന്നു പുറത്തു വിട്ടു.
11 പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കല്‍ വന്നു; അതിന്റെ വായില്‍ അതാ, ഒരു പച്ച ഒലിവില; അതിനാല്‍ ഭൂമിയില്‍ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
12 പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവന്‍ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കല്‍ മടങ്ങി വന്നില്ല.
13 ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
14 രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
15 ദൈവം നോഹയോടു അരുളിച്ചെയ്തതു
16 നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുവിന്‍ .
17 പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
18 അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
19 സകല മൃഗങ്ങളും ഇഴജാതികള്‍ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തില്‍ നിന്നു ഇറങ്ങി.
20 നോഹ യഹോവേക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേല്‍ ഹോമയാഗം അര്‍പ്പിച്ചു.
21 യഹോവ സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്റെ ഹൃദയത്തില്‍ അരുളിച്ചെയ്തതുഞാന്‍ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതു ആകുന്നു; ഞാന്‍ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
22 ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നുപോകയുമില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×