Bible Books

:

1. യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
2. യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്തു.
3. എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
4. യെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
5. ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീർക്കേണം എന്നു കല്പിച്ചു.
6. എന്നാൽ യെഹോവാശ് രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.
7. ആകയാൽ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടു: നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു അതു കൊടുപ്പിൻ എന്നു പറഞ്ഞു.
8. അങ്ങനെ പുരോഹിതന്മാർ തങ്ങൾ മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിപ്പാനും സമ്മതിച്ചു.
9. അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതിൽ ഇടും.
10. പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോൾ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.
11. അവർ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അതു യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും
12. കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
13. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
14. പണിചെയ്യുന്നവർക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീർക്കും.
15. എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.
16. അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.
17. കാലത്തു അരാംരാജാവായ ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
18. ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവൻ യെരൂശലേമിനെ വിട്ടുപോയി.
19. യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20. യോവാശിന്റെ ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തിൽ വെച്ചു അവനെ കൊന്നു.
21. ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീർന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×