Bible Versions
Bible Books

Isaiah 50 (MOV) Malayalam Old BSI Version

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരില്‍ ആര്‍ക്കാകുന്നു ഞാന്‍ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാല്‍ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.
2 ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല്‍ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
3 ഞാന്‍ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.
4 തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന്‍ അറിയേണ്ടതിന്നു യഹോവയായ കര്‍ത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന്നു അവന്‍ എന്റെ ചെവി ഉണര്‍ത്തുന്നു
5 യഹോവയായ കര്‍ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്‍ തിരിഞ്ഞതുമില്ല.
6 അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
7 യഹോവയായ കര്‍ത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാന്‍ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.
8 എന്നെ നീതീകരിക്കുന്നവന്‍ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവന്‍ ആര്‍? നമുക്കു തമ്മില്‍ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആര്‍? അവന്‍ ഇങ്ങുവരട്ടെ.
9 ഇതാ, യഹോവയായ കര്‍ത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവന്‍ ആര്‍? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
10 നിങ്ങളില്‍ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തില്‍ നടന്നാലും അവന്‍ യഹോവയുടെ നാമത്തില്‍ ആശ്രയിച്ചു തന്റെ ദൈവത്തിന്മേല്‍ ചാരിക്കൊള്ളട്ടെ.
11 ഹാ, തീ കത്തിച്ചു തീയമ്പുകള്‍ അരെക്കു കെട്ടുന്നവരേ, നിങ്ങള്‍ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള്‍ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന്‍ ; എന്റെ കയ്യാല്‍ ഇതു നിങ്ങള്‍ക്കു ഭവിക്കും; നിങ്ങള്‍ വ്യസനത്തോടെ കിടക്കേണ്ടിവരും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×