Bible Versions
Bible Books

Lamentations 5 (MOV) Malayalam Old BSI Version

1 യഹോവേ, ഞങ്ങള്‍ക്കു എന്തു ഭവിക്കുന്നു എന്നു ഔര്‍ക്കേണമേ; ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
2 ഞങ്ങളുടെ അവകാശം അന്യന്മാര്‍ക്കും ഞങ്ങളുടെ വീടുകള്‍ അന്യജാതിക്കാര്‍ക്കും ആയ്പോയിരിക്കുന്നു.
3 ഞങ്ങള്‍ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാര്‍ വിധവമാരായ്തീര്‍ന്നിരിക്കുന്നു.
4 ഞങ്ങളുടെ വെള്ളം ഞങ്ങള്‍ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള്‍ വിലകൊടുത്തു മേടിക്കുന്നു.
5 ഞങ്ങളെ പിന്തുടരുന്നവര്‍ ഞങ്ങളുടെ കഴുത്തില്‍ എത്തിയിരിക്കുന്നു; ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു; ഞങ്ങള്‍ക്കു വിശ്രാമവുമില്ല.
6 അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്‍യ്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
7 ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ചുമക്കുന്നു.
8 ദാസന്മാര്‍ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിപ്പാന്‍ ആരുമില്ല.
9 മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.
10 ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്‍ അടുപ്പുപോലെ കറുത്തിരിക്കുന്നു.
11 അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
12 അവന്‍ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
13 യൌവനക്കാര്‍ തിരികല്ലു ചുമക്കുന്നു; ബാലന്മാര്‍ വിറകുചുമടുംകൊണ്ടു വീഴുന്നു.
14 വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.
15 ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീര്‍ന്നിരിക്കുന്നു.
16 ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങള്‍ പാപം ചെയ്കകൊണ്ടു ഞങ്ങള്‍ക്കു അയ്യോ കഷ്ടം!
17 ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.
18 സീയോന്‍ പര്‍വ്വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
19 യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
20 നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീര്‍ഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
21 യഹോവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങള്‍ക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;
22 അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×