Bible Versions
Bible Books

Romans 3 (MOV) Malayalam Old BSI Version

1 എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം?
2 സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ.
3 ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.
4 “നിന്റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍ , സകല മനുഷ്യരും ഭോഷകു പറയുന്നവര്‍ എന്നേ വരൂ.
5 എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു ഒരുനാളുമല്ല;
6 അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
7 ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാല്‍ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
8 നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
9 ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;
10 “നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല.
11 ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല.
13 അവരുടെ തൊണ്ട തുറന്ന ശവകൂഴിനാവുകൊണ്ടു അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ടു.
14 അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
15 അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു.
16 നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ടു.
17 സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല.
18 അവരുടെ ദൃഷ്ടയില്‍ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
21 ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു,
24 അവന്റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
25 വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ ,
26 താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ തന്നേ അങ്ങനെ ചെയ്തതു.
27 ആകയാല്‍ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാര്‍ഗ്ഗത്താല്‍? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ.
28 അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
30 ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു.
31 ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×