Bible Versions
Bible Books

Proverbs 25 (MOV) Malayalam Old BSI Version

1 ഇവയും ശലോമോന്റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.
2 കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.
4 വെള്ളിയില്‍നിന്നു കീടം നീക്കിക്കളഞ്ഞാല്‍ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.
5 രാജസന്നിധിയില്‍നിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാല്‍ അവന്റെ സിംഹാസനം നീതിയാല്‍ സ്ഥിരപ്പെടും.
6 രാജസന്നിധിയില്‍ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്‍ക്കയും അരുതു.
7 നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പില്‍ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.
8 ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?
9 നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാല്‍ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.
10 കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.
11 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍ പൊന്‍ നാരങ്ങാപോലെ.
12 കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകന്‍ പൊന്‍ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.
13 വിശ്വസ്തനായ ദൂതന്‍ തന്നെ അയക്കുന്നവര്‍ക്കും കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.
15 ദീര്‍ഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.
16 നിനക്കു തേന്‍ കിട്ടിയാല്‍ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛര്‍ദ്ദിപ്പാന്‍ ഇടവരരുതു.
17 കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില്‍ കൂടക്കൂടെ ചെല്ലരുതു.
18 കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.
19 കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
20 വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.
21 ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.
22 അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.
23 വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;
24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.
25 ദാഹമുള്ളവന്നു തണ്ണീര്‍ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനം വരുന്നതും ഒരുപോലെ.
26 ദുഷ്ടന്റെ മുമ്പില്‍ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.
27 തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.
28 ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതില്‍ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×