Bible Versions
Bible Books

Genesis 3 (MOV) Malayalam Old BSI Version

1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
2 സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;
3 എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
4 പാമ്പു സ്ത്രീയോടുനിങ്ങള്‍ മരിക്കയില്ല നിശ്ചയം;
5 അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
6 വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.
8 വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു.
10 തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.
11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.
12 അതിന്നു മനുഷ്യന്‍ എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
13 യഹോവയായ ദൈവം സ്ത്രീയോടുനീ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.
16 സ്ത്രീയോടു കല്പിച്ചതുഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടു ആകും; അവന്‍ നിന്നെ ഭരിക്കും.
17 മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴിക്കും.
18 മുള്ളും പറക്കാരയും നിനക്കു അതില്‍നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.
19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
20 മനുഷ്യന്‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു; അവള്‍ ജീവനുള്ളവര്‍ക്കെല്ലാം മാതാവല്ലോ.
21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല്‍കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
22 യഹോവയായ ദൈവംമനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.
23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി.
24 ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവന്‍ ഏദെന്‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×