Bible Versions
Bible Books

Ephesians 6 (MOV) Malayalam Old BSI Version

1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ ; അതു ന്യായമല്ലോ.
2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും
3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ .
5 ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍ .
6 ദൃഷ്ടിസേവയാല്‍ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
7 മനുഷ്യരെയല്ല കര്‍ത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിന്‍ .
8 ദാസനോ സ്വതന്ത്രനോ ഔരോരുത്തന്‍ ചെയ്യുന്ന നന്മെക്കു കര്‍ത്താവില്‍ നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
9 യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനന്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നും അവന്റെ പക്കല്‍ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‍വിന്‍ .
10 ഒടുവില്‍ കര്‍ത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിന്‍ .
11 പിശാചിന്റെ തന്ത്രങ്ങളോടു എതിര്‍ത്തുനില്പാന്‍ കഴിയേണ്ടതിന്നു ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്‍വിന്‍ .
12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
13 അതുകൊണ്ടു നിങ്ങള്‍ ദുര്‍ദ്ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം എടുത്തുകൊള്‍വിന്‍ .
14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം
16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിന്‍ .
17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്‍വിന്‍ .
18 സകലപ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍ .
19 ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മര്‍മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന്‍ എന്റെ വായി തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
20 ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ .
21 ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
22 നിങ്ങള്‍ ഞങ്ങളുടെ വസ്തുത അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു.
23 പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശു ക്രിസ്തുവിങ്കല്‍ നിന്നും സഹോദരന്മാര്‍ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.
24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടും കൂടെ കൃപ ഇരിക്കുമാറാകട്ടെ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×