Bible Versions
Bible Books

Ezekiel 5 (MOV) Malayalam Old BSI Version

1 മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ളോരു വാള്‍ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.
2 നിരോധകാലം തികയുമ്പോള്‍ മൂന്നില്‍ ഒന്നു നീ നഗരത്തിന്റെ നടുവില്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം; മൂന്നില്‍ ഒന്നു എടുത്തു അതിന്റെ ചുറ്റും വാള്‍കൊണ്ടു അടിക്കേണം; മൂന്നില്‍ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന്‍ വാളൂരും.
3 അതില്‍നിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കല്‍ കെട്ടേണം.
4 ഇതില്‍നിന്നു പിന്നെയും നീ അല്പം എടുത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതില്‍നിന്നു യിസ്രായേല്‍ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
5 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതു യെരൂശലേം ആകുന്നു; ഞാന്‍ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങള്‍ ഉണ്ടു
6 അതു ദുഷ്പ്രവൃത്തിയില്‍ ജാതികളെക്കാള്‍ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവര്‍ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവര്‍ അനുസരിച്ചുനടന്നിട്ടുമില്ല.
7 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള്‍ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
8 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്റെ നടുവില്‍ ന്യായവിധികളെ നടത്തും.
9 ഞാന്‍ ചെയ്തിട്ടില്ലാത്തതും മേലാല്‍ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാന്‍ നിന്നില്‍ പ്രവര്‍ത്തിക്കും.
10 ആകയാല്‍ നിന്റെ മദ്ധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നില്‍ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
11 അതുകൊണ്ടു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്‍നിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല.
12 നിന്നില്‍ മൂന്നില്‍ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര്‍ നിന്റെ നടുവില്‍ മുടിഞ്ഞുപോകും; മൂന്നില്‍ ഒന്നു നിന്റെ ചുറ്റും വാള്‍ കൊണ്ടു വീഴും; മൂന്നില്‍ ഒന്നു ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
13 അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും.
14 വഴിപോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയില്‍ ശൂന്യവും നിന്ദയുമാക്കും.
15 ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നില്‍ ന്യായവിധി നടത്തുമ്പോള്‍ നീ നിന്റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.
16 നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങള്‍ ഞാന്‍ എയ്യുമ്പോള്‍, നിങ്ങള്‍ക്കു ക്ഷാമം വര്‍ദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോല്‍ ഒടിച്ചുകളയും. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാന്‍ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയില്‍ അയക്കും; മഹാമാരിയും കുലയും നിന്നില്‍ കടക്കും; ഞാന്‍ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×