Bible Versions
Bible Books

1 Chronicles 19 (MOV) Malayalam Old BSI Version

1 അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.
2 അപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ
3 അമ്മോന്യ പ്രഭുക്കന്മാർ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്നു പറഞ്ഞു.
4 അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
5 ചിലർ ചെന്നു പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവൻ അവരെ എതിരേല്പാൻ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാർത്തിട്ടു മടങ്ങിവരുവിൻ എന്നു രാജാവു പറയിച്ചു.
6 തങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
7 അവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.
8 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
9 അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതിൽക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിൻ പ്രദേശത്തായിരുന്നു.
10 തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.
11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.
12 പിന്നെ അവൻ: അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.
13 ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
14 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.
15 അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
16 തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫൿ അവരുടെ നായകനായിരുന്നു.
17 അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടെക്കു അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
18 എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.
19 ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ തുനിഞ്ഞതുമില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×