Bible Versions
Bible Books

Ezra 4 (MOV) Malayalam Old BSI Version

1 പ്രവാസികള്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള്‍ കേട്ടപ്പോള്‍
2 അവര്‍ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കല്‍ വന്നു അവരോടുഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍ഹദ്ദോന്റെ കാലംമുതല്‍ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
3 അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍പിതൃഭവനത്തലവന്മാരും അവരോടുഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
4 ആകയാല്‍ ദേശനിവാസികള്‍ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
5 അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര്‍ പാര്‍സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചവരെയും അവര്‍ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
6 അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തില്‍ തന്നേ, അവര്‍ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികള്‍ക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
7 അര്‍ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്‍, അരാമ്യഭാഷയില്‍ തന്നേ എഴുതിയിരുന്നു.
8 ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.
9 ധര്‍മ്മാദ്ധ്യക്ഷന്‍ രെഹൂമും രായസക്കാരന്‍ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍ എന്നിവരും
10 മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍ പിടിച്ചുകൊണ്ടുവന്നു ശമര്‍യ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാര്‍പ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
11 അവര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകര്‍പ്പു എന്തെന്നാല്‍നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാര്‍ ഇത്യാദിരാജാവു ബോധിപ്പാന്‍
12 തിരുമുമ്പില്‍നിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കല്‍ യെരൂശലേമില്‍ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.
13 പട്ടണം പണിതു മതിലുകള്‍ കെട്ടിത്തീര്‍ന്നാല്‍ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില്‍ അവര്‍ രാജാക്കന്മാര്‍ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
14 എന്നാല്‍ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങള്‍ക്കു ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
15 അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ നോക്കിയാല്‍ പട്ടണം മത്സരവും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതില്‍ അവര്‍ പുരാതനമേ കലഹം ഉണ്ടാക്കിയതിനാല്‍ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തില്‍നിന്നു അറിവാകും.
16 പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടിത്തീരുകയും ചെയ്താല്‍ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണര്‍ത്തിച്ചുകൊള്ളുന്നു.
17 അതിന്നു രാജാവു ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്‍യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്‍ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്‍നിങ്ങള്‍ക്കു കുശലം ഇത്യാദി;
18 നിങ്ങള്‍ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയില്‍ വ്യക്തമായി വായിച്ചുകേട്ടു.
19 നാം കല്പന കൊടുത്തിട്ടു അവര്‍ ശോധനചെയ്തു നോക്കിയപ്പോള്‍ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിര്‍ത്തുനിലക്കുന്നതു എന്നും അതില്‍ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
20 യെരൂശലേമില്‍ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
21 ആകയാല്‍ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവര്‍ പട്ടണം പണിയുന്നതു നിര്‍ത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിന്‍ .
22 നിങ്ങള്‍ അതില്‍ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിന്‍ ; രാജാക്കന്മാര്‍ക്കും നഷ്ടവും ഹാനിയും വരരുതു.
23 അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ബലാല്‍ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
24 അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×