Bible Versions
Bible Books

Hosea 13 (MOV) Malayalam Old BSI Version

1 എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.
2 ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.
3 അതുകൊണ്ടു അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തില്‍നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകകൂഴലില്‍നിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
4 ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
5 ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാന്‍ മരുഭൂമിയില്‍ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
6 അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
7 ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
8 കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
9 യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
10 നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോള്‍ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര്‍ എവിടെ?
11 എന്റെ കോപത്തില്‍ ഞാന്‍ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തില്‍ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.
12 എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
13 നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍ ; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കല്‍ എത്തുന്നില്ല.
14 ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തില്‍നിന്നു വീണ്ടെടുക്കും; മരണത്തില്‍നിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
15 അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.
16 ശമര്‍യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള്‍ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×