Bible Versions
Bible Books

Ezekiel 43 (MOV) Malayalam Old BSI Version

1 അനന്തരം അവന്‍ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
2 അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
3 ഇതു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍ ഞാന്‍ വന്നപ്പോള്‍ കണ്ട ദര്‍ശനംപോലെ തന്നേ; ദര്‍ശനങ്ങള്‍ കെബാര്‍ നദീതീരത്തുവെച്ചു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; അപ്പോള്‍ ഞാന്‍ കവിണ്ണുവീണു.
4 യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
5 ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
6 പുരുഷന്‍ എന്റെ അടുക്കല്‍ നിലക്കുമ്പോള്‍, ആലയത്തില്‍ നിന്നു ഒരുത്തന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
7 അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഇതു ഞാന്‍ എന്നേക്കും യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേല്‍ഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്‍കൊണ്ടും
8 എനിക്കും അവര്‍ക്കും ഇടയില്‍ ഒരു ചുവര്‍ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവര്‍ ചെയ്ത മ്ളേച്ഛതകളാല്‍ അവര്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ എന്റെ കോപത്തില്‍ അവരെ നശിപ്പിച്ചു.
9 ഇപ്പോള്‍ അവര്‍ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കല്‍നിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാല്‍ ഞാന്‍ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
10 മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ആലയം അവരെ കാണിക്ക; അവര്‍ അതിന്റെ മാതൃക അളക്കട്ടെ.
11 അവര്‍ ചെയ്ത സകലത്തെയും കുറിച്ചു അവര്‍ ലജ്ജിച്ചാല്‍ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവര്‍ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവര്‍ കാണ്‍കെ എഴുതിവെക്കുക.
12 ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വ്വതത്തിന്റെ മുകളില്‍ അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്‍. യാഗപീഠത്തിന്റെ ഉയരമാവിതു
14 നിലത്തെ ചുവടുമുതല്‍ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതല്‍ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
15 ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പില്‍നിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
16 യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
17 അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വകൂ അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങള്‍ കിഴക്കോട്ടായിരിക്കേണം.
18 പിന്നെ അവന്‍ എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ യാഗപീഠം ഉണ്ടാക്കുന്ന നാളില്‍ അതിന്മേല്‍ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങള്‍ ആവിതു
19 എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്‍ക്കും നീ പാപയാഗമായി ഒരു കാളകൂട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
20 നീ അതിന്റെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
21 പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തില്‍ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
22 രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അര്‍പ്പിക്കേണം; അവര്‍ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
23 അതിന്നു പാപപരിഹാരം വരുത്തിത്തീര്‍ന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
24 നീ അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം; പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പു വിതറിയശേഷം അവയെ യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണം.
25 ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
26 അങ്ങനെ അവര്‍ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിര്‍മ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
27 ദിവസങ്ങള്‍ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അര്‍പ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളില്‍ പ്രസാദമുണ്ടാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×