Bible Versions
Bible Books

1 Timothy 6 (MOV) Malayalam Old BSI Version

1 നുകത്തിൻ കീഴിൽ ദാസന്മാരായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാൻ തങ്ങളുടെ യജമാനന്മാരെ സകലമാനത്തിന്നും യോഗ്യന്മാർ എന്നു എണ്ണേണ്ടതാകുന്നു.
2 വിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ
4 ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ,
5 ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.
6 അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.
7 ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
8 ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.
9 ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
10 ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.
11 നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
12 വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
14 എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
17 ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ
18 ആശവെപ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി
19 സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.
20 അല്ലയോ തിമൊഥെയോസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക.
21 ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×