Bible Versions
Bible Books

Mark 11 (MOV) Malayalam Old BSI Version

1 അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു:
2 "നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
3 ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും" എന്നു പറഞ്ഞു.
4 അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
5 അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
6 യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.
8 അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
9 മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ:
10 വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
11 അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
12 പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
13 അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14 അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല.
17 പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.
18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
19 സന്ധ്യായാകുമ്പോൾ അവൻ നഗരം വിട്ടു പോകും.
20 രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.
21 അപ്പോൾ പത്രൊസിന്നു ഓർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.
22 യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
24 അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25 നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
26 നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
27 അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.
29 യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
30 യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.
31 അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും.
32 മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവർ ജനത്തെ ഭയപ്പെട്ടു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×