Bible Versions
Bible Books

Psalms 145 (MOV) Malayalam Old BSI Version

1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
2 എന്റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
3 നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
4 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
5 തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
6 നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.
7 മനുഷ്യര്‍ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്റെ മഹിമയെ വര്‍ണ്ണിക്കും.
8 അവര്‍ നിന്റെ വലിയ നന്മയുടെ ഔര്‍മ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
9 യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .
10 യഹോവ എല്ലാവര്‍ക്കും നല്ലവന്‍ ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
11 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.
12 മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
13 അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
14 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
15 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.
16 എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.
17 നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
18 യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
19 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.
20 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
21 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;
22 എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×