Bible Versions
Bible Books

Judges 12 (MOV) Malayalam Old BSI Version

1 അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടു: നീ അമ്മോന്യരോടു യുദ്ധംചെയ്‍വാൻ പോയപ്പോൾ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങൾ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
2 യിഫ്താഹ് അവരോടു: എനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാൻ നിങ്ങളെ വളിച്ചപ്പോൾ നിങ്ങൾ അവരുടെ കയ്യിൽനിന്നു എന്നെ രക്ഷിച്ചില്ല.
3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധംചെയ്‍വാൻ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.
4 അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാർ ആകുന്നു എന്നു എഫ്രയീമ്യർ പറകകൊണ്ടു ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
5 ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവൻ പറഞ്ഞാൽ
6 അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ വീണു.
7 യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കംചെയ്തു.
8 അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
9 അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
10 പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ളേഹെമിൽ അവനെ അടക്കംചെയ്തു.
11 അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
12 പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.
13 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
14 എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
15 പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.->
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×