Bible Versions
Bible Books

2 Chronicles 2 (MOV) Malayalam Old BSI Version

1 അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന്‍ നിശ്ചയിച്ചു.
2 ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കും മേല്‍വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.
3 പിന്നെ ശലോമോന്‍ സോര്‍രാജാവായ ഹൂരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില്‍ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.
4 ഞാന്‍ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന്‍ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില്‍ അവന്റെ സന്നിധിയില്‍ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.
5 ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാല്‍ ഞാന്‍ പണിവാന്‍ പോകുന്ന ആലയം വലിയതു.
6 എന്നാല്‍ അവന്നു ആലയം പണിവാന്‍ പ്രാപ്തിയുള്ളവന്‍ ആര്‍? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും അവന്‍ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില്‍ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന്‍ ആര്‍?
7 ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.
8 ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
9 ഞാന്‍ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.
10 മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കും ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
11 സോര്‍രാജാവായ ഹൂരാം ശലോമോന്നുയഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
12 ഹൂരാം പിന്നെയും പറഞ്ഞതുയഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
13 ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.
14 അവന്‍ ഒരു ദാന്യസ്ത്രീയുടെ മകന്‍ ; അവന്റെ അപ്പന്‍ ഒരു സോര്‍യ്യന്‍ . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്‍, നീല നൂല്‍, ചണനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന്‍ സമര്‍ത്ഥന്‍ ആകുന്നു.
15 ആകയാല്‍ യജമാനന്‍ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കും കൊടുത്തയക്കട്ടെ.
16 എന്നാല്‍ ഞങ്ങള്‍ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്‍നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്‍വഴിയായി യാഫോവില്‍ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
17 അനന്തരം ശലോമോന്‍ യിസ്രായേല്‍ദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര്‍ എന്നു കണ്ടു.
18 അവരില്‍ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എണ്‍പതിനായിരം പേരെ മലയില്‍ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന്‍ മേല്‍ വിചാരകരായിട്ടും നിയമിച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×