Bible Versions
Bible Books

Exodus 31 (MOV) Malayalam Old BSI Version

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍
2 ഇതാ, ഞാന്‍ യെഹൂദാഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.
3 അവന്‍ കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും രത്നം വെട്ടി പതിപ്പാനും
4 മരത്തില്‍ കൊത്തുപണി ചെയ്‍വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാന്‍ അവനെ
5 ദിവ്യാത്മാവിനാല്‍ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവും കൊണ്ടു നിറെച്ചിരിക്കുന്നു.
6 ഞാന്‍ ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നലകുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതു ഒക്കെയും അവര്‍ ഉണ്ടാക്കും.
7 സമാഗമനക്കുടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളൊക്കെയും
8 മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും
9 ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും വിശേഷവസ്ത്രങ്ങളും
10 പുരോഹിതനായ അഹരോന്റെ വിശുദ്ധ വസ്ത്രങ്ങളും പുരോഹിതശുശ്രൂഷെക്കായിട്ടു
11 അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിന്നുള്ള സുഗന്ധധൂപവര്‍ഗ്ഗവും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും അവര്‍ ഉണ്ടാക്കും.
12 യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങള്‍ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങള്‍ക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.
13 അതുകൊണ്ടു നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങള്‍ക്കു വിശുദ്ധം ആകുന്നു.
14 അതിനെ അശുദ്ധമാക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താല്‍ അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം.
15 ആറു ദിവസം വേല ചെയ്യേണം; എന്നാല്‍ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവേക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളില്‍ വേല ചെയ്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം.
16 ആകയാല്‍ യിസ്രായേല്‍മക്കള്‍ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം.
17 അതു എനിക്കും യിസ്രായേല്‍മക്കള്‍ക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
18 അവന്‍ സീനായി പര്‍വ്വതത്തില്‍ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കല്‍ കൊടുത്തു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×