Bible Versions
Bible Books

2 Kings 15 (MOV) Malayalam Old BSI Version

1 യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടില്‍ യെഹൂദാരാജാവായ അമസ്യാവിന്റെ മകന്‍ അസര്‍യ്യാവു രാജാവായി.
2 അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേര്‍.
3 അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
4 എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 എന്നാല്‍ യഹോവ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
6 അസര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
7 അസര്‍യ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
8 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ സെഖര്‍യ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ആറു മാസം വാണു.
9 അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
10 യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
11 സെഖര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
12 യഹോവ യേഹൂവോടുനിന്റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
13 യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്‍യ്യയില്‍ ഒരു മാസം വാണു.
14 എന്നാല്‍ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നു പുറപ്പെട്ടു ശമര്‍യ്യയില്‍ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്‍യ്യയില്‍വെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
15 ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
16 മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടു അതിന്നു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതില്‍ തുറന്നു കൊടുക്കായ്കയാല്‍ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.
17 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പത്തു സംവത്സരം വാണു.
18 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
19 അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
20 അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
21 മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
22 മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
23 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പതാം ആണ്ടില്‍ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ രണ്ടു സംവത്സരം വാണു.
24 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
25 എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
26 പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
27 യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.
28 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
29 യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
30 എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
31 പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
32 യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍ യോഥാം രാജാവായി.
33 അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.
34 അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
35 എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതു.
36 യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
37 കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
38 യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×