Bible Versions
Bible Books

Genesis 12 (MOV) Malayalam Old BSI Version

1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
2 ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
5 അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.
6 അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു.
7 യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു.
8 അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.
11 മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു.
12 മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.
13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും.
14 അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു.
16 അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.
17 അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.
18 അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചുനീ എന്നോടു ചെയ്തതു എന്തു? അവള്‍ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?
19 അവള്‍ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.
20 ഫറവോന്‍ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×