Bible Versions
Bible Books

2 Corinthians 4 (MOV) Malayalam Old BSI Version

1 അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ടു ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ
2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
3 എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു.
4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു.
6 ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.
7 എങ്കിലും അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.
8 ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല;
9 ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല;
10 യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു.
11 ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു.
12 അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു.
13 “ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
14 കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയിര്‍പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില്‍ നിറുത്തും എന്നു ഞങ്ങള്‍ അറിയുന്നു.
15 കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വര്‍ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്‍നിമിത്തമല്ലോ ആകുന്നു.
16 അതുകൊണ്ടു ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു.
17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.
18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×