Bible Books

3
:

1. അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.
2. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.
3. ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.
4. ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.
5. അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
6. ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.
7. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ:
8. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
9. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10. അതുകൊണ്ടു എനിക്കു തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു;
11. അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”
12. സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.
13. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
14. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.
15. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ ആരാകുന്നു
16. കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
17. നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
18. അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
19. ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×