Bible Versions
Bible Books

Romans 11 (MOV) Malayalam Old BSI Version

1 എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയില്‍ ബെന്യാമീന്‍ ഗോത്രത്തില്‍ ജനിച്ചവന്‍ തന്നേ.
2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
3 അവന്‍ യിസ്രായേലിന്നു വിരോധമായി“കര്‍ത്താവേ, അവര്‍ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു”
4 എന്നു ദൈവത്തോടു വാദിക്കുമ്പോള്‍ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
5 അങ്ങനെ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ടു.
6 കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല.
7 ആകയാല്‍ എന്തു? യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചുശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
8 “ദൈവം അവര്‍ക്കും ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേള്‍ക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
9 “അവരുടെ മേശ അവര്‍ക്കും കാണിക്കയും കുടുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ;.
10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
11 എന്നാല്‍ അവര്‍ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും അല്ല; അവര്‍ക്കും എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളു.
12 എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?
13 എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നതുജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍ ഞാന്‍ എന്റെ
14 സ്വജാതിക്കാര്‍ക്കും വല്ലവിധേനയും സ്പര്‍ദ്ധ ജനിപ്പിച്ചു, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാന്‍ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.
15 അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?
16 ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെ തന്നേ.
17 കൊമ്പുകളില്‍ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചു ചേര്‍ത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ,
18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്നു ഔര്‍ക്ക.
19 എന്നാല്‍ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
20 ശരി; അവിശ്വാസത്താല്‍ അവ ഒടിച്ചുപോയി; വിശ്വാസത്താല്‍ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും.
22 ആകയാല്‍ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നേ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും.
23 അവിശ്വാസത്തില്‍ നിലനില്‍ക്കാഞ്ഞാല്‍ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന്‍ ദൈവം ശക്തനല്ലോ.
24 സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചു എങ്കില്‍, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും.
25 സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
26 ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും.
27 “വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍ നിന്നു അഭക്തിയെ മാറ്റും. ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
28 സുവിശേഷം സംബന്ധിച്ചു അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍നിമിത്തം പ്രിയന്മാര്‍.
29 ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.
30 നിങ്ങള്‍ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാല്‍ ഇപ്പോള്‍ കരുണ ലഭിച്ചതുപോലെ,
31 നിങ്ങള്‍ക്കു ലഭിച്ച കരുണയാല്‍ അവര്‍ക്കും കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോള്‍ അനുസരിക്കാതിരിക്കുന്നു.
32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടില്‍ അടെച്ചുകളഞ്ഞു.
33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.
34 കര്‍ത്താവിന്റെ മനസ്സു അറിഞ്ഞവന്‍ ആര്‍?
35 അവന്നു മന്ത്രിയായിരുന്നവന്‍ ആര്‍? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍?
36 സകലവും അവനില്‍ നിന്നു അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×