Bible Versions
Bible Books

Malachi 3 (MOV) Malayalam Old BSI Version

1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
2 എന്നാല്‍ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്കും സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനിലക്കും? അവന്‍ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
3 അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയില്‍ യഹോവേക്കു വഴിപാടു അര്‍പ്പിക്കും.
4 അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവേക്കു പ്രസാദകരമായിരിക്കും.
5 ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6 യഹോവയായ ഞാന്‍ മാറാത്തവന്‍ ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങള്‍ മുടിഞ്ഞുപേകാതിരിക്കുന്നു.
7 നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.
8 മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
9 നിങ്ങള്‍, ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരാകുന്നു.
10 എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍ . ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
11 ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
12 നിങ്ങള്‍ മനോഹരമായോരു ദേശം ആയിരിക്കയാല്‍ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
13 നിങ്ങളുടെ വാക്കുകള്‍ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ഞങ്ങള്‍ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.
14 യഹോവേക്കു ശുശ്രൂഷ ചെയ്യുന്നതു വ്യര്‍ത്ഥം; ഞങ്ങള്‍ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?
15 ആകയാല്‍ ഞങ്ങള്‍ അഹങ്കാരികളെ ഭാഗ്യവാന്മാര്‍ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര്‍ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര്‍ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള്‍ പറയുന്നു.
16 യഹോവാഭക്തന്മാര്‍ അന്നു തമ്മില്‍ തമ്മില്‍ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്‍ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കും വേണ്ടി അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.
17 ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ അവന്‍ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യന്‍ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന്‍ അവരെ ആദരിക്കും.
18 അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×