Bible Versions
Bible Books

2 Kings 24 (MOV) Malayalam Old BSI Version

1 അവന്റെ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന്‍ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള്‍ യഹോവ കല്‍ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്‍മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
2 മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.
3 അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ യഹോവേക്കു മനസ്സായില്ല.
4 യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
5 യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീന്‍ അവന്നു പകരം രാജാവായി.
6 മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതല്‍ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേല്‍രാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
7 യെഹോയാഖീന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എല്‍നാഥാന്റെ മകള്‍ ആയിരുന്നു.
8 അവന്‍ തന്റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
9 കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ ഭൃത്യന്മാര്‍ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
10 ഇങ്ങനെ ഭൃത്യന്മാര്‍ നിരോധിച്ചിരിക്കുമ്പോള്‍ ബാബേല്‍ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.
11 യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേല്‍രാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേല്‍രാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍ അവനെ പിടിച്ചു.
12 അവന്‍ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേല്‍രാജാവായ ശലോമോന്‍ യഹോവയുടെ മന്ദിരത്തില്‍ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ ഖണ്ഡിച്ചുകളഞ്ഞു.
13 എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവന്‍ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
14 യെഹോയാഖീനെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവന്‍ ബദ്ധരാക്കി യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയി.
15 സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേല്‍രാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
16 അവന്നു പകരം ബാബേല്‍രാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേര്‍ മാറ്റിയിട്ടു.
17 സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
18 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
19 യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു തള്ളിക്കളഞ്ഞു; എന്നാല്‍ സിദെക്കീയാവും ബാബേല്‍രാജാവിനോടു മത്സരിച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×