Bible Versions
Bible Books

John 3 (MOV) Malayalam Old BSI Version

1 പരീശന്മാരുടെ കൂട്ടത്തില്‍ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യന്‍ ഉണ്ടായിരുന്നു.
2 അവന്‍ രാത്രിയില്‍ അവന്റെ അടുക്കല്‍ വന്നു അവനോടുറബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.
3 യേശു അവനോടുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
4 നിക്കോദെമൊസ് അവനോടുമനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5 അതിന്നു യേശുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുവെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല.
6 ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുതു.
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
9 നിക്കോദേമൊസ് അവനോടുഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10 യേശു അവനോടു ഉത്തരം പറഞ്ഞതുനീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
11 ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നുഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ കൈക്കൊള്ളുന്നില്ലതാനും.
12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
13 സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന (വനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനായ) മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ കയറീട്ടില്ല.
14 മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു.
15 അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ.
16 തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17 ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.
18 അവനില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.
19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതു തന്നേ.
20 തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21 സത്യം പ്രവര്‍ത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കയാല്‍ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.
22 അതിന്റെ ശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു.
24 അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല.
25 യോഹന്നാന്റെ ശിഷ്യന്മാരില്‍ ചിലര്‍ക്കും ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
26 അവര്‍ യോഹന്നാന്റെ അടുക്കല്‍വന്നു അവനോടുറബ്ബീ, യോര്‍ദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവന്‍ , നീ സാക്ഷീകരിച്ചുട്ടുള്ളവന്‍ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കല്‍ ചെല്ലുന്നു എന്നു പറഞ്ഞു.
27 അതിന്നു യോഹന്നാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാന്‍ കഴികയില്ല.
28 ഞാന്‍ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന്നു നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു;
29 മണവാട്ടി ഉള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; എന്റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു.
30 അവന്‍ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
31 മേലില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവന്‍ ; ഭൂമിയില്‍ നിന്നുള്ളവന്‍ ഭൌമികന്‍ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവനായി താന്‍ കാണ്‍കെയും കേള്‍ക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
32 അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
33 അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവന്‍ ദൈവം സത്യവാന്‍ എന്നുള്ളതിന്നു മുദ്രയിടുന്നു.
34 ദൈവം അയച്ചവന്‍ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവന്‍ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.
35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യില്‍ കൊടുത്തുമിരിക്കുന്നു.
36 പുത്രനില്‍ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല്‍ വസിക്കുന്നതേയുള്ള.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×