Bible Versions
Bible Books

Hebrews 9 (MOV) Malayalam Old BSI Version

1 എന്നാല്‍ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.
2 ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേര്‍.
3 രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.
4 അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊന്‍ പാത്രവും അഹരോന്റെ തളിര്‍ത്തവടിയും നിയമത്തിന്റെ കല്പലകകളും
5 അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള്‍ ഔരോന്നായി വിവരിപ്പാന്‍ കഴിവില്ല.
6 ഇവ ഇങ്ങനെ തീര്‍ന്ന ശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍ കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും.
7 രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്റെയും ജനത്തിന്റെയും അബദ്ധങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും.
8 മുങ്കൂടാരം നിലക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാല്‍ സൂചിപ്പിക്കുന്നു.
9 കൂടാരം കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയില്‍ പൂര്‍ണ്ണ സമാധാനം വരുത്തുവാന്‍ കഴിയാത്ത വഴിപാടും യാഗവും അര്‍പ്പിച്ചു പോരുന്നു.
10 അവ ഭക്ഷ്യങ്ങള്‍, പാനീയങ്ങള്‍, വിവിധ സ്നാനങ്ങള്‍ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.
11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടുകൈപ്പണിയല്ലാത്തതായി എന്നുവെച്ചാല്‍ സൃഷ്ടിയില്‍ ഉള്‍പ്പെടാത്തതായി വലിപ്പവും തികവുമേറിയ
12 ഒരു കൂടാരത്തില്‍കൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താല്‍ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തില്‍ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല്‍ തളിക്കുന്ന പശുഭസ്മവും
14 ജഡികശുദ്ധി വരുത്തുന്നു എങ്കില്‍ നിത്യാത്മാവിനാല്‍ ദൈവത്തിന്നു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്കും ലഭിക്കേണ്ടതിന്നു അവന്‍ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥന്‍ ആകുന്നു.
16 നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്റെ മരണം തെളിവാന്‍ ആവശ്യം.
17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു
20 “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
21 അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
23 ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം.
24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
25 മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല.
26 അങ്ങനെയായാല്‍ ലോകസ്ഥാപനം മുതലക്കു അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.
27 ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കും നിയമിച്ചിരിക്കയാല്‍
28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു തനിക്കായി കാത്തുനിലക്കുന്നവരുടെ രക്ഷെക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×