Bible Versions
Bible Books

Daniel 9 (MOV) Malayalam Old BSI Version

1 കല്ദയ രാജ്യത്തിന്നു രാജാവായിത്തീര്‍ന്നവനും മേദ്യസന്തതിയില്‍ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍,
2 അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ തന്നേ, ദാനീയേല്‍ എന്ന ഞാന്‍ യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളില്‍നിന്നു ഗ്രഹിച്ചു.
3 അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ടു പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.
4 എന്റെ ദൈവമായ യഹോവയോടു ഞാന്‍ പ്രാര്‍ത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാല്‍തന്നെ സ്നേഹിക്കുന്നവര്‍ക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കര്‍ത്താവേ,
5 ഞങ്ങള്‍ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവര്‍ത്തിച്ചു; ഞങ്ങള്‍ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
6 ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തില്‍ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങള്‍ കേട്ടനുസരിച്ചതുമില്ല.
7 കര്‍ത്താവേ, നിന്റെ പക്കല്‍ നീതിയുണ്ടു; ഞങ്ങള്‍ക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാര്‍ക്കും യെരൂശലേംനിവാസികള്‍ക്കും എല്ലായിസ്രായേലിന്നും തന്നേ.
8 കര്‍ത്താവേ, ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കയാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.
9 ഞങ്ങുടെ ദൈവമായ കര്‍ത്താവിന്റെ പക്കല്‍ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു.
10 അവന്‍ തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ മുഖാന്തരം ഞങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാന്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.
11 യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ അവനോടു പാപം ചെയ്തിരിക്കയാല്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നു.
12 അവന്‍ വലിയ അനര്‍ത്ഥം ഞങ്ങളുടെ മേല്‍ വരുത്തിയതിനാല്‍ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാര്‍ക്കും വിരോധമായി താന്‍ അരുളിച്ചെയ്ത വചനങ്ങളെ നിവര്‍ത്തിച്ചിരിക്കുന്നു; യെരൂശലേമില്‍ സംഭവിച്ചതുപോലെ ആകാശത്തിന്‍ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.
13 മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങള്‍ക്കു അനര്‍ത്ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞു നിന്റെ സത്യത്താല്‍ ബുദ്ധിപഠിക്കേണ്ടതിന്നു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപെക്കായി യാചിച്ചില്ല.
14 അതുകൊണ്ടു യഹോവ അനര്‍ത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേല്‍ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താന്‍ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.
15 നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ടു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നു, ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം ഉണ്ടാക്കിയവനായി ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.
16 കര്‍ത്താവേ, നിന്റെ സര്‍വ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപര്‍വ്വതമായ യെരൂശലേം നഗരത്തില്‍നിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങള്‍നിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍നിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങള്‍ക്കു ചുറ്റും ഉള്ള എല്ലാവര്‍ക്കും നിന്ദയായി തീര്‍ന്നിരിക്കുന്നുവല്ലോ.
17 ആകയാല്‍ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേല്‍ കര്‍ത്താവിന്‍ നിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.
18 എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.
19 കര്‍ത്താവേ, കേള്‍ക്കേണമേ; കര്‍ത്താവേ, ക്ഷമിക്കേണമേ; കര്‍ത്താവേ, ചെവിക്കൊണ്ടു പ്രവര്‍ത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഔര്‍ത്തു തമാസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.
20 ഇങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപര്‍വ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
21 ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22 അവന്‍ വന്നു എന്നോടു പറഞ്ഞതെന്തെന്നാല്‍ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു.
23 നീ ഏറ്റവും പ്രിയനാകയാല്‍ നിന്റെ യാചനകളുടെ ആരംഭത്തിങ്കല്‍ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.
24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാല്‍യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
27 അവന്‍ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×