Bible Versions
Bible Books

Genesis 1 (MOV) Malayalam Old BSI Version

1 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.
5 ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.
8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9 ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11 ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12 ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14 പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
15 ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16 പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി
18 ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.
19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20 വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
22 നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില്‍ നിറവിന്‍ ; പറവജാതി ഭൂമിയില്‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
26 അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.
29 ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു; അവ നിങ്ങള്‍ക്കു ആഹാരമായിരിക്കട്ടെ;
30 ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഭൂമിയില്‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള്‍ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന്‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
31 താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×