Bible Versions
Bible Books

1 Kings 11 (MOV) Malayalam Old BSI Version

1 ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
2 നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു; അവര്‍ക്കും നിങ്ങളോടും കൂടിക്കലര്‍ച്ച അരുതു; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്‍നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നു.
3 അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
4 എങ്ങനെയെന്നാല്‍ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.
5 ശലോമോന്‍ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ചെന്നു സേവിച്ചു
6 തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
7 അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഔരോ പൂജാഗിരി പണിതു.
8 തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.
9 തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്റെ ഹൃദയം തിരിക്കയും
10 യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
11 യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്കകൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
12 എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാല്‍ നിന്റെ മകന്റെ കയ്യില്‍നിന്നു അതിനെ പറിച്ചുകളയും.
13 എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍ നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്റെ മകന്നു കൊടുക്കും.
14 യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവന്‍ എദോം രാജസന്തതിയില്‍ ഉള്ളവന്‍ ആയിരുന്നു.
15 ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‍വാന്‍ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോള്‍--
16 എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാര്‍ത്തിരുന്നു--
17 ഹദദ് എന്നവന്‍ തന്റെ അപ്പന്റെ ഭൃത്യന്മാരില്‍ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഔടിപ്പോയി; ഹദദ് അന്നു പൈതല്‍ ആയിരുന്നു.
18 അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
19 ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവന്‍ തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
20 തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയില്‍ വളര്‍ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയില്‍ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
21 ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമില്‍ കേട്ടിട്ടു ഫറവോനോടുഞാന്‍ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
22 ഫറവോന്‍ അവനോടുനീ സ്വദേശത്തേക്കു പോകുവാന്‍ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കല്‍ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവന്‍ ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
23 ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന്‍ സോബാരാജാവായ ഹദദേസര്‍ എന്ന തന്റെ യജമാനനെ വിട്ടു ഔടിപ്പോയിരുന്നു.
24 ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീര്‍ന്നു; അവര്‍ ദമ്മേശെക്കില്‍ ചെന്നു അവിടെ പാര്‍ത്തു ദമ്മേശെക്കില്‍ വാണു.
25 ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവന്‍ യിസ്രായേലിനെ വെറുത്തു അരാമില്‍ രാജാവായിവാണു.
26 സെരേദയില്‍നിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകന്‍ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
27 അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്‍ശലോമോന്‍ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്‍ത്തു.
28 എന്നാല്‍ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു; യൌവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ടു ശലോമോന്‍ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയില്‍ ഏല്പിച്ചു.
29 കാലത്തു ഒരിക്കല്‍ യൊരോബെയാം യെരൂശലേമില്‍നിന്നു വരുമ്പോള്‍ ശിലോന്യനായ അഹിയാപ്രവാചകന്‍ വഴിയില്‍വെച്ചു അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില്‍ തനിച്ചായിരുന്നു.
30 അഹിയാവു താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി
31 യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാല്‍പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ രാജത്വം ശലോമോന്റെ കയ്യില്‍നിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
32 എന്നാല്‍ എന്റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
33 അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്‍ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്റെ വഴികളില്‍ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
34 എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ അവന്റെ കയ്യില്‍നിന്നു എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസന്‍ ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
35 എങ്കിലും അവന്റെ മകന്റെ കയ്യില്‍നിന്നു ഞാന്‍ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
36 എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തില്‍ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
37 നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ എടുത്തിരിക്കുന്നു.
38 ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളില്‍ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താല്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
39 ദാവീദിന്റെ സന്തതിയെയോ ഞാന്‍ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
40 അതുകൊണ്ടു ശലോമോന്‍ യൊരോബെയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബെയാം എഴുന്നേറ്റു മിസ്രയീമില്‍ ശീശക്ക്‍ എന്ന മിസ്രയീംരാജാവിന്റെ അടുക്കല്‍ ഔടിപ്പോയി; ശലോമോന്റെ മരണംവരെ അവന്‍ മിസ്രയീമില്‍ ആയിരുന്നു.
41 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
42 ശലോമോന്‍ യെരൂശലേമില്‍ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
43 ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×